സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെ മരണത്തിലേക്ക് നയിക്കാനാണ് കൊലയാളി ഗെയിം ഉണ്ടാക്കിയതെന്ന് ബ്ലൂവെയിലിന്റെ നിര്‍മാതാവ്

കളിക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ബ്ലൂ വെയില്‍ ഗെയിമിന്റെ നിര്‍മാതാവിന് ഇതുകൊണ്ട് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ആ കൊലയാളി ഗെയിമിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോര്‍ ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ എന്ന 22 വയസ്സുകാരനാണ് കളിയ്ക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കൊലയാളി ഗെയിമിന് പിന്നിലുള്ളത്. 2013ലാണ് ബ്ലൂവെയില്‍ ഗെയിം ബുഡികിന്‍ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരും, സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരപ്രായക്കാരെയാണ് ഇയാള്‍ ഗെയിമിന്റെ വലയില്‍ കുരുക്കിയിരുന്നത്. സ്വയം വെടിവെച്ച് മരിക്കാന്‍ റഷ്യന്‍ യുവാക്കളെ പ്രേരിപ്പിച്ചതിന് സെര്‍ബിയന്‍ കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഫിലിപ്പ് ബുഡികിന്‍ റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കൗമാരപ്രായക്കാരായവരെ മനഃപൂര്‍വ്വം ആത്മഹത്യയിലേയ്ക്ക് തള്ളിയിട്ടില്ലേയെന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞാന്‍ അത് ചെയ്യുകയാണ്, വൈകാതെ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും, എല്ലാവരും മനസ്സിലാക്കും എന്ന് ഒട്ടുംതന്നെ കുറ്റബോധമില്ലാതെയാണ് ബുഡികിന്‍ മറുപടി നല്‍കുന്നത്. സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേയ്ക്ക് നയിക്കുന്നത്. 50 ദിവസംകൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ തികച്ചും ബയോളജിക്കല്‍ മാലിന്യങ്ങളാണ്. അവരെ ഒഴിവാക്കി സമൂഹത്തെ വൃത്തിയാക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബുഡികിന്‍ പറയുന്നു. ഒറ്റപ്പെട്ട് കഴിയുന്നവരും സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരക്കാരെയാണ് ഇയാള്‍ തന്റെ ഗെയിം വലയില്‍ കുരുക്കിയിരുന്നത്. ബ്ലൂവെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യുന്നിടത്തും എത്തുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്‌റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ബ്ലൂവെയില്‍ ഗെയിമിലൂടെ 130ലധികം മരണം സംഭവിച്ചതായും 17 മരണങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയതായും ബുഡികിന്‍ സമ്മതിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *