എൻസിപിയിൽ പൊട്ടിത്തെറി; പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടി രൂക്ഷമായി.ഇതോടെ പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിയുന്നത്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാൻ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.

ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.

​മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളി. ചാക്കോയോട് ശശീന്ദ്ര പക്ഷം നിസ്സഹകരണത്തിലായി. 18 ന് വിളിച്ച നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. ഇതോടെ യോഗം മാറ്റി. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതിൽ വാശി പിടിച്ചതാണ് പി സി ചാക്കോയ്ക്ക് വിനയായത്. അതേ തോമസ് കെ. തോമസ് മറുപക്ഷത്തിനൊപ്പം ചേര്‍ന്നു. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്‍റെ ഓഫര്‍. തോമസിനെ അധ്യക്ഷനാക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെടും.

മന്ത്രിമാറ്റ നീക്കം പാളിയതിന്‍റെ അമര്‍ഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോരടിച്ചവര്‍ക്ക് കൈകോര്‍ത്ത് തനിക്കെതിരെ തിരിഞ്ഞതോടെയാണ് ചാക്കോയുടെ പടിയിറക്കം. ദേശീയ വര്ക്കിങ് പ്രസിഡന്റ് കൂടിയായി ചാക്കോയുടെ തുടര്‍ നീക്കങ്ങള്‍ സംസ്ഥാന എൻസിപിയിൽ നിര്‍ണായകമാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് എതിര്‍ ചേരിയുടെ ആരോപണം. ചാക്കോയ്ക്ക് എതിരെ കൈക്കൂലി ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്‍റ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി യോഗത്തിൽ ചാക്കോ പറഞ്ഞ ശബ്ദരേഖ പുറത്തു വരികയും ചെയ്തു.

അഞ്ചാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു !രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ടു .പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത് . കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ ആയി . പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.

കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.